ഓൾഡ് ട്രാഫോഡിൽ ന്യൂകാസിലിനെ തകർത്ത് യൂനൈറ്റഡ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ
പന്ത്രണ്ട് വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാംവരവിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടിയാണ് ക്രിസ്റ്റിയാനോ ഓൾഡ് ട്രാഫോഡിനെ ചെങ്കടലാക്കി മാറ്റിയത്. ന്യൂകാസിൽ യുനൈറ്റഡിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ചുവന്ന ചെകുത്താൻമാരുടെ വിജയം
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. മേസൺ ഗ്രീൻവുഡിന്റെ തകർപ്പൻ ഷോട്ട് ന്യൂകാസിൽ ഗോൾ കീപ്പറുടെ കയ്യിൽ തട്ടി തിരിച്ചുവരികയും ഇത് റൊണാൾഡോ വലയിലേക്ക് മറിച്ചിടുകയും ചെയ്തതോടെ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ക്രിസ്റ്റിയാനോയുടെ ഗോളിൽ മാഞ്ചസ്റ്റർ 1-0ന് മുന്നിലായിരുന്നു
രണ്ടാം പകുതിയിലെ 56ാം മിനിറ്റിൽ പക്ഷേ ന്യൂകാസിൽ സമനില പിടിച്ചു. ജാവിയർ മാൻക്വിലോയായിരുന്നു സ്‌കോർ ചെയ്തത്. എന്നാൽ 62ാം മിനിറ്റിൽ ക്രിസ്റ്റിയാനോ മാഞ്ചസ്റ്ററിനെ വീണ്ടും മുന്നിലെത്തിച്ചു. അടുത്തത് പോർച്ചുഗൽ താരമായ ബ്രൂണോ ഫെർണാണ്ടസിന്റെ ഊഴമായിരുന്നു. ബ്രൂണോയുടെ ലോംഗ് റേഞ്ചർ ന്യൂകാസിൽ വല തുളച്ചുകയറിയതോടെ മാഞ്ചസ്റ്റർ 3-1ന് മുന്നിലെത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ലിംഗാർഡ് അവരുടെ ഗോൾ പട്ടിക 4-1 ആയി ഉയർത്തുകയും ചെയ്തു
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മാഞ്ചസ്റ്റർ യൂനൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ പിന്തള്ളി പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി. ഇരട്ട ഗോളുകൾ നേടിയതോടെ മാഞ്ചസ്റ്ററിനായുള്ള റൊണാൾഡോയുടെ ഗോൾ നേട്ടം 120 ആയി ഉയർന്നു.