Thursday, January 9, 2025
National

റെയ്‌ഡിനിടെ പോലീസുകാർ നവജാത ശിശുവിനെ ചവിട്ടി കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി

ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. ഇന്നലെ ജാർഖണ്ഡ് ഗിരിധിൽ കേസിന്റെ ഭാഗമായി പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ് സംഘം നിലത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയതാണ് പൊലീസ്. ഇന്നലെ പുലർച്ചെയോടെ പൊലീസ് എത്തുമ്പോൾ അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടു എന്ന കുടുംബം പറഞ്ഞു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നു എന്ന് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഡിഎസ്പി സഞ്ജയ്‌ റാണ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താൻ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *