Thursday, April 17, 2025
National

രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധന; നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1.8ലക്ഷത്തിലധികം കേസുകള്‍

രാജ്യത്ത് ദളിത് ജനവിഭാഗത്തിനെതിരായ അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധന. 2018 മുതല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി 1,89,945 കേസുകളാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങളുടെ കണക്കുകള്‍ ആവശ്യപ്പെട്ട ബഹുജന്‍ സമാജ് പാര്‍ട്ടി എംപി ഗിരീഷ് ചന്ദ്രയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര. ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ എന്തെങ്കിലും സംവിധാനമുണ്ടോ എന്ന് ബിഎസ്പി എംപി ചോദിച്ചിരുന്നു. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പ്രസിദ്ധീകരിച്ച കണക്കുകള്‍ 2021ലേതായതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ആഭ്യന്തര സഹമന്ത്രി അവതരിപ്പിച്ചില്ല.

2018 മുതല്‍ 21 വരെ നാല് വര്‍ഷത്തിനിടെ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 27,754 പേരാണ് ശിക്ഷിക്കപ്പെട്ടത്. 2018ല്‍ 11,924, 2019ല്‍ 11,829, 2020ല്‍ 12,714, 2021ല്‍ 13,146 എന്നിങ്ങനെയാണ് കണക്കുകള്‍. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്.

അതേസമയം മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അജയ് കുമാര്‍ മിശ്ര ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *