Friday, January 10, 2025
Kerala

പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചെന്ന് മാതാവ്

തിരുവനന്തപുരം പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇര്‍ഫാന് മയക്കുമരുന്ന് നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇര്‍ഫാനെ ഇന്നലൊണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ മൊഴി. മകന്റെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഡോസാണെന്ന് സംശയിക്കുന്നതായി പൊലീസും പറയുന്നു.

പെരുമാതുറ സ്വദേശികളായ സുല്‍ഫിക്കര്‍- റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി.ഏഴുമണിയോടെ മറ്റൊരാളെ ഇര്‍ഫാനെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്നാണ് മാതാവ് പരാതിപ്പെടുന്നത്. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു ഛര്‍ദ്ദിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ കഴിഞ്ഞു വീട്ടിലേക്കു മടങ്ങി.

ഇന്നലെ അര്‍ധരാത്രിയോടെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കല്‍ കോളജിലേക്കു കൊണ്ട് പോയെങ്കിലും മരിച്ചു. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നു മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മയക്കുമരുന്നിന്റെ അമിത ഡോസ് ആണ് മരണകരണമെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇര്‍ഫാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *