തൃശൂരിലെ സദാചാര കൊലക്കേസ് പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് നാട്ടിലെത്തിച്ചു
തൃശൂർ ചേർപ്പ് ചിറയ്ക്കലെ സദാചാര കൊലപാതകക്കേസിൽ ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയ പ്രതികളെ നാട്ടിലെത്തിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് നാട്ടിൽ എത്തിച്ചത്. അരുൺ, അമീർ എന്നിവർ സഹദിനെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരും നിരഞ്ജൻ, സുഹൈൽ എന്നിവർ പ്രതികളെ സഹായിച്ചവരുമാണ്.
ത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ പിടിയിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുണ്ട്. കോട്ടം സ്വദേശികളായ വിജിത്ത്, വിഷ്ണു, ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതി അരുൺ വിദേശത്താണ്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ചേർപ്പ് ചിറക്കൽ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകൻ സഹറിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ചിറയ്ക്കൽ കോട്ടം നിവാസികളായ രാഹുൽ, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുൺ, എട്ടുമന സ്വദേശി ജിഞ്ചു ജയൻ, ചിറയ്ക്കൽ സ്വദേശി അമീർ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിൻബലത്തിൽ പൊലീസിന് വ്യക്തമായിരുന്നു.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ കാരണം പോലീസ് അന്വേഷണത്തിലെ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.