Thursday, January 9, 2025
World

പെൻഷൻ പരിഷ്‌കരണ ബിൽ: അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ച് മാക്രോൺ സർക്കാർ

അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ച് ഫ്രഞ്ച് സർക്കാർ. ഇമ്മാനുവൽ മാക്രോൺ സർക്കാരിനെതിരായ അവിശ്വാസ പ്രമേയങ്ങൾ ദേശീയ അസംബ്ലിയിൽ പരാജയപ്പെട്ടു. ഇതോടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്തുന്ന വിവാദ ബിൽ നിയമമായി മാറും. അതേസമയം ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം തുടരുകയാണ്.

തൊഴിലാളികളുടെ വിരമിക്കൽ പ്രായം ഉയർത്തുന്ന വിവാദ ബിൽ സർക്കാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്. പിന്നലെ രാജ്യത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത പ്രോക്ഷോഭങ്ങൾ. ഒടുവിൽ പ്രതിപക്ഷം അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എലിസബത്ത് ബോൺ ആർട്ടിക്കിൾ 49:3 എന്ന പ്രത്യേക ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് നടന്നത്.

വിവിധ ചെറുപാർട്ടികളെ പ്രതിനിധീകരിക്കുന്ന “LIOT” എന്ന ചെറു പാർലമെന്ററി ഗ്രൂപ്പാണ് ആദ്യ പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തെ പിന്തുണച്ച് ആകെ 278 വോട്ടുകൾ ലഭിച്ചു. അതായത് പാസാകാൻ ആവശ്യമായ 287 വോട്ടിൽ ഒമ്പത് വോട്ടുകളുടെ കുറവ്. മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ ദേശീയ റാലി പാർട്ടി അവതരിപ്പിച്ച രണ്ടാമത്തെ അവിശ്വാസ പ്രമേയവും പാസായില്ല. 94 നിയമസഭാംഗങ്ങൾ മാത്രമാണ് അനുകൂലമായി വോട്ട് ചെയ്തത്.

ഇതോടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്താനുള്ള വിവാദ ബിൽ നിയമമാകും. അതേസമയം നിയമത്തിനെതിരെ ഫ്രാൻസിന്റെ ഭരണഘടനാ സമിതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *