‘സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം’; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ താക്കീത്
സീല്‍ഡ് കവര്‍ സമ്പ്രദായം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് താക്കീതുമായി സുപ്രിംകോടതി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. പെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം വ്യക്തമാക്കുന്നതിനായി ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സീല്‍ ചെയ്ത കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് അത് ഉറക്കെ വായിക്കുകയോ തിരികെ വാങ്ങുകയോ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.
കോടതിയില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിശദീകരിച്ചു. ഇവിടെ കോണ്‍ഫിഡന്‍ഷ്യലായ ഡോക്യുമെന്റ്‌സ് അല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
കുടിശ്ശിക നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനമാണ് കോടതിയെ പ്രകോപിപ്പിച്ചത്. സീല്‍ഡ് കവര്‍ സമ്പ്രദായം സുപ്രിംകോടതി പിന്തുടരുകയാണെങ്കില്‍ ഹൈക്കോടതികളിലും ഈ സമ്പ്രദായം തുടരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിമുക്തഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ കോടതി മനസിലാക്കുന്നുണ്ടെങ്കിലും എന്നാല്‍ സര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ വ്യക്തമാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.