പശുവിനെ ദേശീയ സംരക്ഷിത മൃഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം; നിര്‍ദേശവുമായി അലഹബാദ് ഹൈക്കോടതി
പശുവിനെ ദേശീയ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശവുമായി അലഹബാദ് ഹൈക്കോടതി. ഗോവധവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നതെന്നും മതങ്ങളെ ബഹുമാനിക്കണമെന്നും ഹിന്ദുമതത്തില്‍ പശുവിന് ദൈവികമായ സ്ഥാനമുണ്ടെന്നും ജസ്റ്റിസ് അഹമ്മദ് ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ പശു സംരക്ഷിക്കപ്പെടണമെന്നും ആരാധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുവിനെ ആരാധിക്കുന്ന കീഴ്‌വഴക്കത്തിന്റെ വേരുകള്‍ വേദകാലത്താണെന്ന് കോടതി നിരീക്ഷിച്ചു. പശുക്കളെ കൊല്ലരുതെന്ന് മനുസ്മൃതി ഉള്‍പ്പെടെയുള്ള നിര്‍ദേശിച്ചിട്ടുണ്ട്. ഗോവധത്തിനെതിരായ നിയമങ്ങള്‍ 20-ാം നൂറ്റാണ്ടുവരെ പല നാട്ടുരാജ്യങ്ങളിലും നിലനിന്നിരുന്നു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനായി പശുക്കളെ സംരക്ഷിക്കുന്നതിനായി 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും മുന്നേറ്റങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആയതിനാല്‍ സര്‍ക്കാര്‍ പശുവിന് സംരക്ഷിത മൃഗത്തിന്റെ പദവി നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.