ബിഷപ്പിന്റെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണുന്നില്ല, കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടലുണ്ടാകും: കെ സുരേന്ദ്രന്‍
തലശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതികരണം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഷപ്പിന്റെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ക്കായി ഇരുമുന്നണികളും ഒന്നും ചെയ്തില്ല. ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണ്. കേന്ദ്രത്തില്‍ നിന്നും കര്‍ഷകര്‍ക്കായി കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയോടാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
എം വി ഗോവിന്ദന്റെ പ്രസ്താവന അസ്വസ്ഥത മൂലമാണെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ക്രൈസ്തവരെ ആര്‍എസ്എസിന്റെ പേര് പറഞ്ഞ് ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്നു. അതൊന്നും വിലപ്പോകില്ല. ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടന്നിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ജോസ് കെ മാണി ഉന്നയിച്ച ആരോപണങ്ങള്‍ക്കും കെ സുരേന്ദ്രന്‍ മറുപടി പറഞ്ഞു. കാലിനടിയില്‍ നിന്നും മണ്ണൊലിച്ച് പോകുന്നതിന്റെ വേവലാതിയാണ് ജോസ് കെ മാണിക്ക്. പാല ബിഷപ്പിനെ പിഎഫ്‌ഐ വേട്ടയാടിയപ്പോള്‍ ഓടിയൊളിച്ചയാളാണ് ജോസെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.