Friday, January 10, 2025
Kerala

ബ്രഹ്‌മപുരം കരാർ സോൺട കമ്പനിയ്ക്ക് ലഭിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുമായുള്ള ബന്ധം; ആരോപണവുമായി ടോണി ചമ്മണി

2019 ഇൽ നെതർലാൻഡ് സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി സോൺട കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫലമായാണ് കമ്പനിക്ക് കരാർ ലഭിച്ചതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ചിത്രങ്ങൾ പുറത്ത് വിട്ടായിരുന്നു ആരോപണം. അതേസമയം 12 ദിവസത്തെ മൗനത്തേക്കാൾ വലിയ അത്ഭുതമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞു നടത്തിയ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു.

ബ്രഹ്മപുരം തീ പിടിത്തത്തിൽ പന്ത്രണ്ട് ദിവസത്തെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന വിവാദത്തിൽ. ആരോപണ വിധേയമായ സോൺട കമ്പനിയെക്കുറിച്ച് ഒന്നും മിണ്ടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 2019 ലെ മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനവേളയിൽ മേയ് 8 മുതൽ 12 വരെ സോണ്ട കമ്പനിയുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മണി രംഗത്തെത്തി. സോണ്ടയുടെ ഡയറക്ടർ ഡെന്നീസ് ഈപ്പനും മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറിയും ഉൾപ്പടെയുള്ളവരുടെ ചിത്രം പുറത്ത് വിട്ടായിരുന്നു ആരോപണം. നിയമാനുസൃതമല്ലാതെയാണ് മൂന്ന് ജില്ലകളിൽ കരാർ ഉറപ്പിച്ചത്. സോൺടയുടെ കേരളത്തിലെ ഗോഡ് ഫാദറാണ് മുഖ്യമന്ത്രിയെന്നും ടോണി ചമ്മണി.

കരാർ കമ്പനിയെ സംരക്ഷിക്കാനാണ് സർക്കാർ വിജിലൻസ് അന്വേഷണം നടത്തുന്നതെന്നും കോടതിയെ സമീപിക്കേണ്ടി വന്നാൽ സമീപിക്കാനുമാണ് നീക്കം. തീപിടിത്തത്തിനു പിന്നിൽ അഴിമതിയാണ് എന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *