Friday, January 10, 2025
Kerala

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.ജി.എം.ഒ.എ

ഗണേഷ് കുമാർ എം.എൽ.എ ക്കെതിരെ കെ.ജി.എം.ഒ.എ. ‘ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്’ എന്ന ശ്രീ ഗണേശ് കുമാർ എം.എൽ.എ യുടെ പ്രസ്താവന തങ്ങളുടെ രോഗികളുടെ ജീവൻ കാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർ സമൂഹത്തെ അപമാനിക്കുന്നതും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് കെ.ജി.എം.ഒ.എ പ്രതികരിച്ചു . ചികിത്സാപ്പിഴവുകൾ സംശയിക്കുന്ന സാഹചര്യങ്ങളിൽ രോഗികൾക്ക് അതിനായി വ്യവസ്ഥാപിതമായ നിയമ നടപടികൾ സ്വീകരിക്കാമെന്നിരിക്കേ ഡോക്ടർമാർ കയ്യേറ്റം ചെയ്യപ്പെടേണ്ടവരാണെന്ന രീതിയിൽ പ്രതികരിക്കുന്നത് നിയമം കയ്യിലെടുക്കാനും ശിക്ഷ വിധിക്കാനും സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്.

ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഐ എം.എ. യുടെ നേതൃത്വത്തിൽ മാർച്ച് 17 ന് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന മെഡിക്കൽ സമരത്തിലെ ആവശ്യങ്ങൾ കൂടുതൽ പ്രസക്തമാക്കുന്നതാണ് പരിപാവനമായ നിയമസഭയിൽ ഉണ്ടായ എം.എൽ.എ യുടെ പ്രതികരണം. ആരോഗ്യ പ്രവർത്തകർ ജോലി സ്ഥലത്ത് നേരിടുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായി പരിഷ്കൃത സമൂഹം ഇതിനെ വിലയിരുത്തുമെന്ന് കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു.

സുരക്ഷിതത്വത്തോടെയും ആക്രമണങ്ങൾ ഭയക്കാതെയും തങ്ങളുടെ തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കഴിയുന്ന തരത്തിൽ സുശക്തമായ ആശുപത്രി സംരക്ഷണ നിയമം നിർമ്മിക്കാൻ ഉത്തരവാദിത്തപ്പെട്ട നിയമ നിർമ്മാണ സഭയിലെ ഒരംഗം എന്ന നിലയിൽ അദ്ദേഹം തന്റെ കൃത്യവിലോപം തിരുത്തേണ്ടതാണ്. പ്രസ്തുത പരാമർശം പിൻവലിച്ച് മാപ്പു പറയേണ്ടത് ശ്രീ ഗണേഷ് കുമാർ എം.എൽ.എ യുടെ ധാർമ്മിക ബാധ്യതയാണെന്ന് കെ.ജി.എം.ഒ.എ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *