നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ എന്ന് ബേക്കൽ പോലീസ്. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ബേക്കൽ സ്വദേശി കൂടിയായ മാപ്പുസാക്ഷി വിപിൻലാലിനെ തേടി പ്രദീപ്കുമാർ കഴിഞ്ഞ ജനുവരി 23നാണ് ബേക്കലിലെത്തിയത്. ഓട്ടോയിലിറക്കി തൃക്കണ്ണാടുള്ള ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലെത്തി
ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വക്കീൽ ഗുമസ്തനാണെന്ന് പറയുകയും വിപിനോട് മൊഴി മാറ്റാൻ പറയുകയുമായിരുന്നു. തുടർന്ന് കത്തുകളിലൂടെ സമ്മർദം തുടർന്നു. ഇതോടെയാണ് വിപിൻ ബേക്കൽ പോലീസിൽ പരാതി നൽകിയത്.
സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിച്ചാണ് പ്രദീപിനെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായാണ് സൂചന