ബ്രഹ്മപുരത്ത് തീ ഇട്ടത് ക്രിമിനൽ കുറ്റമാണ്, വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും; വി.ഡി സതീശൻ
ബ്രഹ്മപുരം വിഷയത്തിൽ രണ്ടാം തീയതി ഉണ്ടായിരുന്ന അതെ പ്ലാൻ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഇതുമൂലം വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ബ്രഹ്മപുരത്ത് തീ ഇട്ടത് വലിയ ക്രിമിനൽ കുറ്റമാണ്. വ്യക്തമായ പ്ലാൻ ഇല്ലാത്തതാണ് ഇത്രയും വലിയ പ്രശ്നം ഉണ്ടാക്കിയതെന്ന് സർക്കാർ മനസിലാക്കണം. ശ്വാസംമുട്ട് പോലെയുള്ള വലിയ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇത് വഴി തെളിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടർന്ന സാഹചര്യത്തിൽ കൊച്ചിയിൽ ഇന്ന് മുതൽ ആരോഗ്യ സർവേ ആരംഭിക്കും. പ്ലാന്റിന് നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ, പ്ലാന്റിന്റെ 90% സ്ഥലത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പുക രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും നിയന്ത്രണ വിധേയം ആക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിശദമായ റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറും. അതിനിടെ നഗരത്തിലെ മാലിന്യ നീക്കവും പുനരാരംഭിച്ചിട്ടുണ്ട്.
ബ്രഹ്‌മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിട്ടുണ്ട്. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ വളരെയേറെ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.