ഓർത്തഡോക്സ് യാക്കോബായ സഭ തർക്കം; ചർച്ച് ബില്ലിന്റെ കരടിന് ഇടതു മുന്നണി അംഗീകാരം
ഓർത്തഡോക്സ് യാക്കോബായ സഭ തർക്കം തീർക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി സർക്കാർ. ഇരുവിഭാഗങ്ങളുടെയും ആരാധന സ്വാതന്ത്രം ഉറപ്പാക്കുക എന്നതാണ് നിയമനിർമാണത്തിലൂടെ സർക്കാർ നോട്ടമിടുന്നത്. ഇരുവിഭാഗങ്ങളുമായി സർക്കാർ നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമനിർമ്മാണം എന്ന ആശയത്തിലേക്ക് സർക്കാർ നീങ്ങിയത്.
സുപ്രീംകോടതി വിധിക്ക് എതിരാകാതെ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമം നിർമിക്കും എന്ന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട ബില്ലിന്റെ കരടിന് ഇടതു മുന്നണി അംഗീകാരം നൽകി. മന്ത്രി പി രാജീവാണ് ഇടതുമുന്നണി യോഗത്തിൽ ബില്ലിന്റെ കരട് അവതരിപ്പിച്ചത്.
സുപ്രീം കോടതി വഴി ലഭിക്കുന്ന ഓർത്തഡോസ് വിഭാഗത്തിന്റെ കയ്യിലുള്ള ദേവാലയങ്ങളിൽ യാക്കോബായ സഭയിലെ വിശ്വാസികൾക്ക് കയറാനോ ആരാധന നടത്തുവാനോ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങൾ ഉണ്ടായിരുന്നു. സർക്കാർ നിയമനിർമാണത്തിനുള്ള കരടിന് രൂപം കൊടുത്തെന്ന് യാക്കോബായ സഭ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ, സർക്കാരിന് അത്തരത്തിലുള്ള നീക്കങ്ങൾ ഇല്ലെന്ന് ഓർത്തഡോക്സ് വിഭാഗവും അറിയിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ചർച്ച് ബില്ലിന്റെ കരടിന് ഇടതു മുന്നണി അംഗീകാരം നൽകുന്നത്.