Thursday, April 10, 2025
Kerala

നടക്കുന്നത് ആദായ നികുതി പരിശോധന, കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റെന്നും വൈദേകം റിസോർട്ട് സിഇഒ

കണ്ണൂർ: ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണായ വൈദേകം റിസോർട്ടിൽ നടന്ന റെയ്ഡിൽ പ്രതികരിച്ച് സ്ഥാപനത്തിന്റെ സിഇഒ തോമസ് ജോസഫ്. ആദായനികുതി സർവേ ആണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ല. കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണ്. ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും വൈദേകം റിസോർട്ട് സി ഇ ഒ തോമസ് ജോസഫ് വ്യക്തമാക്കി.

കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. ഇപി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *