‘പണമൊഴുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം’; ത്രിപുര തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് സിപിഎം
ദില്ലി: ത്രിപുരയിൽ വൻ പണമൊഴുക്കിയിട്ടും ക്രമക്കേട് നടത്തിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബിജെപിയെ തള്ളി ഇടത് മുന്നണിക്കും പ്രതിപക്ഷത്തിനും വോട്ട് ചെയ്തവർക്ക് അഭിവാദ്യമെന്നും ജന താത്പര്യം മുൻനിർത്തി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു.
ത്രിപുരയിൽ കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബിജെപിക്കായി. എന്നാല്‍, സീറ്റ് എണ്ണം 36 ല്‍ നിന്ന് 32 ലേക്ക് കുറഞ്ഞതിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. ഗോത്രമേഖലകളിലെ തിപ്ര മോത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബിജെപിയെ തടഞ്ഞു എന്ന് വേണം പറയാന്‍.
അതേസമയം, കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്റ്റി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. എന്നാൽ പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിൽ സിപിഎം സഖ്യത്തിന്‍റെ പരാജയത്തിന് ഇടയാക്കി. കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേർന്ന് 33 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളു. 2018 ൽ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിറുത്തി. എല്ലാൽ പാർട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റത് ബിജെപി സഖ്യത്തിന് തിരിച്ചടിയായി.