‘ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ല’; ഹാത്രസ് കൂട്ടബലാത്സംഗക്കേസിൽ 3 പ്രതികളെ വെറുതെ വിട്ട് കോടതി
ദില്ലി: ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തർപ്രദേശിലെ എസ്സിഎസ്ടി കോടതിയുടെ വിധി. പ്രതികളിൽ ഒരാളായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.
യുപി പൊലീസിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരാൻ കാരണമായ ഹാത്രസ് കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന നടപടിയാണ് യുപിയിലെ പട്ടികജാതി പട്ടികവർഗ കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ആകെ നാല് പ്രതികളുള്ള കേസിൽ ഒരാളൊഴികെ എല്ലാവരെയും വെറുതെ വിട്ടിരിക്കുകയാണ്. മൂന്ന് പ്രതികൾക്കുമെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന് കോടതി പറയുന്നു. അതേസമയം, പ്രധാന പ്രതിയായ സന്ദീപ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. എന്നാൽ മനഃപൂർവമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സന്ദീപിന്‍റെ അമ്മാവൻ രവി ഇയാളുടെ സുഹൃത്തുക്കളായ ലവ്കുശ് രാമു എന്നിവരെയാണ് വെറുതെ വിട്ടത്. കോടതി ഉത്തരവിൽ തൃപ്തരമല്ലെന്ന് യുവതിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. 2021ലാണ് ഇരുപത് വയസുള്ള ദളിത് യുവതിയെ പ്രതികൾ ഹാത്രസിലെ കൃഷി സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിനിടെ ക്രൂരമായി പരിക്കേറ്റ പെൺകുട്ടി ദില്ലിയിൽ ആശുപത്രിയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് സംസ്കരിച്ചത് വലിയ വിവാദമായിരുന്നു. പ്രതികളെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ നടപടിയെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.