ആകാശിനെയും കുട്ടാളിയെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; ആറ് മാസം കരുതൽ തടങ്കലിൽ
ഷുഹൈബ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇരുവരെയും പുലർച്ചെ നാലുമണിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മുഴക്കുന്ന് പൊലീസാണ് നടപടി സ്വീകരിച്ചത്. ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും.
ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസം ആകാശ് കോടതിയിൽ കീഴടങ്ങുകയും ചെയ്തു.
ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപ്പെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്കെതിരായുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്. പൊലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.