Tuesday, April 15, 2025
National

‘സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും’; ഇഡി കേസിൽ ജാമ്യം കിട്ടാതെ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ

ലഖ്‌നൗ: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ. സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്‌നൗ ജയിൽ അധികൃതർ പറയുന്നത്. ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്. അതേസമയം, കാപ്പൻ ഹാത്രസിലേക്ക് പോയ വാഹനത്തിന്‍റെ ഡ്രൈവർക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *