മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നേക്കും. വിജിലന്‍സിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വന്‍ തട്ടിപ്പുകളാണ് കണ്ടെത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്.
വിജിലന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ദുരിതാശ്വാസം നല്‍കുന്നത് ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് ചെയ്യാന്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സെല്‍ വേണമെന്ന് മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് പ്രകൃതിക്ഷോഭത്തില്‍ വീട് നശിച്ചെന്ന വ്യാജ അപേക്ഷയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയെന്ന കണ്ടെത്തല്‍ ഇന്നലെയാണ് പുറത്തുവന്നത്. വീട് നശിച്ചെന്ന് കാട്ടി വീടിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശിക്കാണ് നാല് ലക്ഷം രൂപ വീടിനായി ധനസഹായം അനുവദിച്ചത്. വീടിന് 76 ശതമാനത്തോളം കേടുപാടുണ്ടായെന്ന് വ്യാജമായി റിപ്പോര്‍ട്ട് നല്‍കിയാണ് തട്ടിപ്പ് നടന്നത്. വീടിന് പ്രകൃതിക്ഷോഭത്തില്‍ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.