Monday, January 6, 2025
World

തെരഞ്ഞെടുപ്പ് ചൂടില്‍ തായ്‌ലാന്റ്; കഞ്ചാവിന്റെ പേരില്‍ തമ്മിലടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന തായ്‌ലാന്റില്‍ കഞ്ചാവിന്റെ പേരില്‍ തമ്മിലടിച്ച് പാര്‍ട്ടികള്‍. കഞ്ചാവ് ഉത്പ്പന്നങ്ങളുടെ വില്‍പ്പനയിലും ഉപഭോക്തത്തിലും വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് തായ്‌ലാന്റിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കഞ്ചാവിനെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നത്.

മെയ് ഏഴിനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റ് സമ്മേളനത്തില്‍ കഞ്ചാവ് ഉപയോഗം നിരോധിക്കുന്ന ഡ്രാഫ്റ്റ് ബില്ലും അവതരിപ്പിച്ചു. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസായില്ല. 211 എംപിമാരില്‍ 148 പേര്‍ ബില്ലിനെ അനുകൂലിച്ചും 21 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. 36 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കഴിഞ്ഞ വര്‍ഷമാണ് തായ്‌ലാന്റ് കഞ്ചാവ് കുറ്റവിമുക്തമാക്കിയത്. കഞ്ചാവ് നിരോധിക്കുന്ന ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്ലാന്റ്. ബാങ്കോക്കിലും രാജ്യത്തെ ടൂറിസ്റ്റ് സ്‌പോട്ടുകളിലും ആയിരക്കണത്തിന് കഞ്ചാവ് കടകളാണ് ദിനംപ്രതി ഉയര്‍ന്നുവരുന്നത്.

കഞ്ചാവിന്റെ ഉപയോഗം സമൂഹത്തിനാകെ, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഭീഷണിയാണെന്ന് പ്രതിപക്ഷമായ ഫ്യൂ തായി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുനേടി വിജയിക്കുമെന്ന പ്രതീക്ഷിക്കുന്ന പാര്‍ട്ടിയാണ് ഫ്യൂ തായ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിനെ മാത്രമാണ് പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്ന് ഫ്യൂ തായി വക്താവ് തൃച്ചാട ശ്രിതാട പറഞ്ഞു.

അതേസമയം ശരിയായ നിയമനിര്‍മ്മാണമില്ലാതെ കഞ്ചാവ് കുറ്റവിമുക്തമാക്കുന്നത് തെറ്റാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇതിന് പരിഹാരം കാണുമെന്നും ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് സതിത് വോങ്നോങ്ടോയ് പറഞ്ഞു. തന്റെ പാര്‍ട്ടി കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗത്തെ മാത്രമാണ് പിന്തുണയ്ക്കുന്നത്. കഞ്ചാവ് നിയമപരമായി നിരോധിച്ചാല്‍ അതിനെ 100 ശതമാനം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബില്ല് അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടതോടെ, തെരഞ്ഞെടുപ്പിന് ശേഷമുള്ള അടുത്ത സഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് ഭുംജയ്തായ് പാര്‍ട്ടിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *