താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി, പാർലമെന്റിലെ ശിവസേന ഓഫീസ് ഷിൻഡെ വിഭാഗത്തിന്
ശിവസേനയുടെ പേരും ചിഹ്നവും നഷ്ടമായതിന് പിന്നാലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് മറ്റൊരു തിരിച്ചടി കൂടി. പാർലമെന്റ് മന്ദിരത്തിൽ ശിവസേനയ്ക്ക് അനുവദിച്ച ഓഫീസും ഏകനാഥ് ഷിൻഡെ വിഭാഗത്തിന് നൽകി. ഏകനാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ഓഫീസുകൾ അനുവദിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു.
പാർലമെന്റ് മന്ദിരത്തിലെ 128-ാം നമ്പർ മുറിയാണ് ശിവസേനയുടെ പാർലമെന്ററി പാർട്ടിയുടെ ഓഫീസായി അനുവദിച്ചിരിക്കുന്നതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിൽ പറയുന്നു. ഫെബ്രുവരി 18ന് പാർട്ടിക്ക് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗത്തിന്റെ ഫ്‌ളോർ ലീഡർ രാഹുൽ ഷെവാലെ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്തെഴുതിയിരുന്നു.
പാർലമെന്റ് മന്ദിരത്തിലെ ശിവസേനയുടെ ഓഫീസാണ് ഇരു വിഭാഗങ്ങളും ഇതുവരെ ഉപയോഗിച്ചിരുന്നത്. നേരത്തെ ശിവസേനയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും പാർട്ടി ഓഫീസും ഏകനാഥ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരുന്നു. ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.