സുശാന്തിന്റേത് ആത്മഹത്യ; കേസ് മഹാരാഷ്ട്രക്കാരെ അപമാനിക്കാനായി ഉപയോഗിച്ചുവെന്ന് ഉദ്ദവ് താക്കറെ
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കേസിൽ ഇതാദ്യമായാണ് ഉദ്ദവ് താക്കറെ പ്രതികരിക്കുന്നത്. തന്റെ മകനടക്കമുള്ള മഹാരാഷ്ട്രക്കാരെയും മുംബൈ പോലീസിനെയും അപമാനിക്കാൻ കേസ് ഉപയോഗിച്ചുവെന്ന് ഉദ്ദവ് പറഞ്ഞു
ശിവസേനയുടെ വാർഷിക ദസറ റാലിയിലാണ് ഉദ്ദവിന്റെ പ്രതികരണം. ഒരാൾ ആത്മഹത്യ ചെയ്തു. അദ്ദേഹം ബിഹാറിന്റെ മകനാകാം. എന്നാൽ അതിന്റെ പേരിൽ മഹാരാഷ്ട്രയുടെ മക്കളെ വേട്ടയാടണോ. നീതിക്കായി നിലവിളിക്കുന്നവർ മുംബൈ പോലീസിനെ ഉപയോഗശൂന്യരെന്ന് വിളിച്ചു. നഗരത്തെ പാക് അധീന കാശ്മീർ എന്ന് വിശേഷിപ്പിച്ചുവെന്നും കങ്കണയെ ലക്ഷ്യമിട്ട് ഉദ്ദവ് പറഞ്ഞു
കഞ്ചാവ് ഉപയോഗം വ്യാപകമെന്ന് പ്രചരിപ്പിച്ചു. എന്നാൽ ഞങ്ങളുടെ വീട്ടിൽ വളർത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങൾ നിങ്ങളുടെ സംസ്ഥാനത്താണെന്നും ഉദ്ദവ് പറഞ്ഞു. നേരത്തെ കങ്കണയെ പിന്തുണച്ച് ഹിമാചൽ പ്രദേശ് സർക്കാർ രംഗത്തുവന്നിരുന്നു.