‘മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു’: ജാവേദ് അക്തർ
പാകിസ്താനെതിരെ വിമർശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് പരാമർശം. ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാവേദ് അക്തറിന്റെ ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
“മുംബൈ ആക്രമിക്കപ്പെട്ടതെങ്ങനെയെന്ന് നമ്മൾ കണ്ടു…അവർ (ഭീകരർ) ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു”- ജാവേദ് അക്തർ പറഞ്ഞു. പാകിസ്താനി കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാനും, മെഹ്ദി ഹസനും വേണ്ടി ഇന്ത്യ വലിയ പരിപാടികൾ സംഘടിപ്പിച്ചിട്ടും, ലതാ മങ്കേഷ്‌കറിന് വേണ്ടി പാകിസ്താൻ ഒരു പരിപാടിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം വളർത്തിയതിന് പാകിസ്താനെ അദ്ദേഹം കാവ്യാത്മകമായ രീതിയിൽ പരിഹസിക്കുകയും ചെയ്തു.
തന്റെ പരാമർശങ്ങളുടെ പേരിൽ ഇന്ത്യയിൽ പലപ്പോഴും ട്രോളുകൾക്ക് വിധേയനായ എഴുത്തുകാരനും ഗാനരചയിതാവുമാണ് ജാവേദ് അക്തർ.