Thursday, January 9, 2025
World

കൊവിഡ് നിയമങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ

ചൈനയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ. ചൈനയിൽ നിന്നുള്ള യാത്രക്കാരിൽ കൊവിഡ് പരിശോധന നടത്തുമെന്ന് സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു. സന്ദർശകരിൽ കൊവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് സ്പെയിൻ.

യുഎസ്, ഇന്ത്യ, ഇറ്റലി എന്നിവയ്ക്കു പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ കൊവിഡ് നിയമങ്ങൾ കർശനമാക്കുന്നത്. പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് പരിശോധനകൾ ഒഴിവാക്കാം. എന്നാൽ സ്പെയിനിൽ ചില ചൈനീസ് വാക്സിനുകൾ അംഗീകരിക്കില്ല. ചൈനയിൽ നിന്ന് യുകെയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ചൈനയിൽ നിന്നുള്ള യാത്രക്കാർ ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയയിൽ എത്തി ആദ്യ ദിവസം തന്നെ ഇവർ പിസിആർ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പരിശോധനാ ഫലം നെഗറ്റീവായില്ലെങ്കിൽ ചൈനയിൽ നിന്ന് ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് വിദേശ വിമാനക്കമ്പനികളോട് ഇസ്രായേൽ ഉത്തരവിട്ടു. കൂടാതെ ചൈനയിലുള്ള സ്വന്തം പൗരന്മാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ജർമ്മനി, ഓസ്‌ട്രേലിയ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *