അമേരിക്കയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 ഇന്ത്യൻ പൗരന്മാർ മരിച്ചു
അമേരിക്കയിലെ അരിസോണയിൽ തടാകത്തിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തിൽ വീഴുകയുമായിരുന്നു. ഡിസംബർ 26 ന് ഉച്ചകഴിഞ്ഞ് 3:35 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് സംഭവം.
നാരായണ മുദ്ദന (49), ഗോകുൽ മെഡിസെറ്റി (47) ഹരിത മുദ്ദന എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിതയെ വെള്ളത്തിൽ നിന്ന് ഉടൻ വലിച്ചെടുക്കാനായെന്നും ജീവൻ രക്ഷാമാർഗങ്ങൾ നൽകിയെങ്കിലും വിജയിച്ചില്ലെന്നും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റുള്ളവരെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
‘കൊല്ലപ്പെട്ട മൂന്ന് പേരും അരിസോണയിലെ ചാൻഡലറിലാണ് താമസിച്ചിരുന്നത്. ഇവർ ഇന്ത്യക്കാരാണ്’-കൊക്കോണിനോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഫീനിക്‌സിന്റെ ഒരു പ്രാന്തപ്രദേശമാണ് ചാൻഡലർ.