ഗൂഗിള്‍ മീറ്റ്; സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: ഗൂഗിള്‍ മീറ്റില്‍ സൗജന്യ സേവനം പരിമിതപ്പെടുത്താന്‍ തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്. പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്.
ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്‍ഷനിലുണ്ട്. സേവനത്തിനായി ഒരാള്‍ക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളര്‍)യാണ് നിരക്ക്. ഈവര്‍ഷം തുടക്കത്തില്‍ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിള്‍ വാഗ്ദാംചെയ്തിരുന്നത്.
ഈ മാസം മീറ്റ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ വരുത്തിയിരുന്നു. ഗൂഗിള്‍ മീറ്റിന്റെ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ ജി സ്യൂട്ട്, ജി സ്യൂട്ട് ഫോര്‍ എജുക്കേഷന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമാക്കിയ ശേഷം വലിയ വളര്‍ച്ചയാണ് മീറ്റിങുകളില്‍ ഉണ്ടായത്. പ്രതിദിന വളര്‍ച്ച 30 ശതമാനം വരെ ഉയര്‍ന്നു. മൂന്ന് ബില്യണ്‍ മിനുട്ട് വീഡിയോ മീറ്റിങുകള്‍ വരെ പ്രതിദിനം നടന്നു.