ചൈനീസ് പ്രതിരോധമന്ത്രി ഇന്ന് ഇന്ത്യയിൽ; അതിർത്തി സംഘർഷ വിഷയത്തിൽ ചർച്ചയ്ക്ക് സാധ്യത
ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. ഷാങ്ങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമാകാനാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ അതിർത്തി സംഘർഷ വിഷയത്തിൽ ആശയവിനിമയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും. ഡെപ്‌സാംഗ്, ഡെംചോക്കിലെ ചാർഡിംഗ് നിംഗ്‌ലുംഗ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റം ഇന്ത്യ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. 2020നു മുൻപുള്ള സ്ഥിതി പാലിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം സൈനിക തല ചർച്ചയിൽ ചൈന അംഗികരിച്ചിരുന്നില്ല.
ഗാൽവൻ ഏറ്റുമുട്ടൽ ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയ 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെടുന്ന ജനറൽ ലീയുടെ ഇന്ത്യാ സന്ദർശനം.