ചൈനീസ് സൈനികർ അതിർത്തി കടക്കാൻ ശ്രമിച്ചു, ഇന്ത്യൻ സൈനികർ തിരിച്ചടിച്ചപ്പോൾ പിൻവാങ്ങി: പ്രതിരോധ മന്ത്രി
ദില്ലി: തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ചൈനീസ് സൈന്യം ശ്രമം നടത്തിയെന്ന് പ്രതിരോധ മന്ത്രി സഭയിൽ പറഞ്ഞു. ഇന്ത്യൻ സൈനീകർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നൽകി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങി. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
രണ്ട് മണിക്കാണ് സഭയിൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താൻ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2 മണിക്ക് ഉള്ള പ്രസ്താവന 12.30ക്ക് ആക്കണമെന്ന് സർക്കാർ സ്പീക്കറോട് അഭ്യർത്ഥിച്ചിരുന്നു. ചൈനീസ് വിഷയത്തിൽ ബഹളം വെച്ച പ്രതിപക്ഷത്തെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയിൽ വരുന്നതിലാണ് കോൺഗ്രസിന്റെ ആശങ്ക. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 – 07 കാലത്ത് 1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.