ശ്രീലങ്കയുടെ ആദ്യ വനിതാ പ്രസിഡന്റിനെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് തമിഴ് തടവുകാര്‍ക്ക് മാപ്പുനല്‍കി; 22 വര്‍ഷത്തിനുശേഷം ജയില്‍ മോചനം
ശ്രീലങ്കയുടെ ആദ്യ വനിതാ പ്രസിഡന്റായ ചന്ദ്രിക കുമരതുംഗയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മൂന്ന് തമിഴ് തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനമായി. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്.
1999 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ചന്ദ്രികയ്‌ക്കെതിരെ ചാവേര്‍ ആക്രമണത്തിന് പ്രതികള്‍ പദ്ധതിയിട്ടെന്നായിരുന്നു കേസ്. 30 വര്‍ഷത്തെ തടവിനാണ് കോടതി വിധിച്ചത്. റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിന്ന് ചന്ദ്രിക കുമരതുംഗ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വലതുകണ്ണ് ആക്രമണത്തില്‍ നഷ്ടമായി. സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ചന്ദ്രിക കുമരതുംഗ അനുവാദം നല്‍കിയതോടെയാണ് മൂന്ന് പ്രതികളുടേയും ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്. പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പിടിഎ) പ്രകാരമുള്ള ദീര്‍ഘകാല തടവില്‍ നിന്ന് മറ്റ് അഞ്ച് മുന്‍ തമിഴ് പുലികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.