Thursday, January 9, 2025
World

സുഡാന്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു; വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സൗദിയിലെ ജിദ്ദ വഴി ഒഴിപ്പിക്കാന്‍ ശ്രമം

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സൗദിയിലെ ജിദ്ദ വഴി ഒഴിപ്പിക്കാനുളള ശ്രമം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും സുരക്ഷിതമായി ജിദ്ദയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ജിദ്ദ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ കാവേരി എന്ന പേരില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. തുറമുഖം സ്ഥിതി ചെയ്യുന്ന പോര്‍ട്ട് സുഡാനില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് ഈഴം കാത്തിരിക്കുന്നത്. ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ട് വമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കപ്പലുകള്‍ പോര്‍ട്ട് സുഡാനില്‍ എത്തിച്ചു.

നിരവധി കൊറിയന്‍ പൗരന്‍മാരെയും അധികൃതര്‍ ജിദ്ദയിലെത്തിച്ചു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടവരെയാണ് ജിദ്ദയിലെത്തിച്ചത്. സൗദി അധികൃതരും സൈന്യവും പൂച്ചെണ്ടും മധുരവും നല്‍കിയാണ് ഇവരെ സ്വീകരിച്ചത്.

സുഡാനില്‍ കുടുങ്ങിയ സൗദി പൗരന്‍മാരോടൊപ്പം കഴിഞ്ഞ ദിവസം ഏതാനും ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. ഫ്രഞ്ച് പൗരന്‍മാരോടൊപ്പവും ഇന്ത്യക്കാരെ ഇന്ന് ജിദ്ദയിലെത്തിച്ചിരുന്നു. അതിനിടെ സുഡാനിലെ ഫ്രാന്‍സ് എംബസിയില്‍ നിന്ന് ഫ്രഞ്ച് പൗരന്‍മാരെ ഒഴിപ്പിക്കാനുളള ശ്രമത്തിനിടെ വിമാനം ആക്രമിച്ചതായി സുഡാന്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഒരു ഫ്രഞ്ച് പൗരന് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *