യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; യു എൻ പ്രത്യേക യോഗം ഉടൻ
യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ സുരക്ഷാ സമിതിയുടെ നിർദേശം. പാർലമെന്റ് നിർദേശം അംഗീകരിച്ചാൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരും. റഷ്യയിലുള്ള പൗരൻമാരോട് രാജ്യത്തേക്ക് തിരികെ എത്താനും യുക്രൈൻ നിർദേശിച്ചിട്ടുണ്ട്.
റഷ്യ-യുക്രൈൻ സംഘർഷ സാധ്യത രൂക്ഷമായ പശ്ചാത്തലത്തിൽ യുഎൻ പൊതുസഭയുടെ പ്രത്യേക യോഗം ഉടൻ ചേരും. യുക്രൈന് ചുറ്റും റഷ്യൻ സൈന്യം നിലയുറപ്പിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു.
കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നടപടിയെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് വിമർശിച്ചു. യുക്രൈന്റെ പരമാധികാരത്തെ നിരാകരിക്കുന്ന നടപടിയാണ് റഷ്യയുടേത് എന്നായിരുന്നു വിമർശനം.