റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചു; മുന്നറിയിപ്പുമായി ബ്രിട്ടണ്‍: സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ
ലണ്ടന്‍: റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശം ആരംഭിച്ചതായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടണ്‍. ഉക്രൈന്‍ വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തി കടന്നെന്ന വിവരം പുറത്തുവിട്ടത്.
സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് അമേരിക്കയുമായി സംസാരിച്ച പുടിന്‍ ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഗാൻസ്ക് എന്നീ പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തി വിട്ടത്.
കിഴക്കന്‍ ഉക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച പുടിന്റെ നടപടി, ഉക്രൈയ്ന്‍ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നതാണ്. 2014 മുതല്‍, റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനെയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്.
- അതേസമയം, റഷ്യ-ഉക്രൈയ്ന്‍ പ്രതിസന്ധിക്ക് സമാധാനപരമായ ചര്‍ച്ചയാണ് ആവശ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് പ്രസിഡന്റ് ജോ ബൈജനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ചയിലൂടെ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.