Wednesday, January 8, 2025
World

‘ലോകമാകുന്ന കുടുംബത്തിന് വേണ്ടി യോഗ’ എന്ന സന്ദേശമുയർത്തി ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ. യോഗ : ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്നു.

2014 ൽ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊൻമ്പതാം പൊതു സഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്ഠമായി പിറ്റേ വർഷം മുതൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുവാൻ തീരുമാനിച്ചു.

യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ദിവസമായ ഉത്തരായനാന്തമാണ് യോഗ ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത്. വെറും ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനു കൂടി ഉതകുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്.

ഇന്ത്യ അധ്യക്ഷ പദവി വഹിക്കുന്ന ജി -20 കൂട്ടായ്മയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ അഥവാ ‘ലോകം ഒരു കുടുംബമാണ്’ എന്ന ആശയത്തോട് ചേർന്നാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയവും ആവിഷ്കരിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *