ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ; അഭ്യർത്ഥനയുമായി റെഡ് ക്രോസ്
ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ്. ഫോൺ വാങ്ങാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരിൽ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് റെഡ് ക്രോസിൻ്റെ അഭ്യർത്ഥന. ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കിൽ, തങ്ങളുടെ ഐഫോണുകൾ പിടിച്ച് വൃക്ക മാറ്റിയതെന്ന തരത്തിൽ, വയറ്റിലുള്ള മുറിവുമായി നിൽക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ഇത്തരത്തിൽ അവയവക്കൈമാറ്റം നടത്തുന്നത് നിയമലംഘനമാണെന്ന് തായ് റെഡ് ക്രോസ് അവയവക്കൈമാറ്റ വകുപ്പ് പറഞ്ഞു. അവയവക്കൈമാറ്റം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഐഫോൺ വാങ്ങാനുള്ള പണത്തിനായി അവയം നൽകുന്നത് വളരെ മോശമാണെന്നും റെഡ് ക്രോസ് പറയുന്നു.
അതേസമയം, ഈ ചിത്രങ്ങളുടെ ആധികാരികതയെപ്പറ്റി ചില സംശയങ്ങളുയരുന്നുണ്ട്. മാർക്കറ്റിംഗ് തന്ത്രമാവാം ഇതെന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്.
2020ൽ ഒരു 17കാരൻ ചൈനയിൽ തൻ്റെ വൃക്ക വിറ്റ് ഐഫോൺ വാങ്ങിയിരുന്നു. എന്നാൽ, രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം താളം തെറ്റിയതോടെ ഈ കുട്ടി കിടപ്പുരോഗിയാവുകയിരുന്നു.