പുടിന്റെ ക്ഷണം സ്വീകരിച്ച് ഷി ജിന്‍പിങ് റഷ്യയിൽ
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് റഷ്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഷി റഷ്യയിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിലാണ് ഷി മോസ്കോയിലെത്തിയതെന്നാണ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി അദ്ദേഹം കൂടികാഴ്ച നടത്തും. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഷിയുടെ ആദ്യ മോസ്കോ സന്ദർശനം കൂടിയാണിത്.
ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്താനാണ് സന്ദർശനമെന്ന് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചിരുന്നു. പ്രധാന കരാറുകളിലും ഇരുരാഷ്ട്രങ്ങൾ ഒപ്പുവെക്കും.
അതേസമയം ശനിയാഴ്ച റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോൾ വ്ലാദിമിർ പുടിൻ സന്ദർശിച്ചിരുന്നു. ക്രീമിയയിലും പുടിൻ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചൈന മധ്യസ്ഥത വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.