Thursday, January 23, 2025
World

1945ന് ശേഷമുള്ള വലിയ യുദ്ധത്തിനാണ് റഷ്യ പദ്ധതിയിടുന്നത്; ആഞ്ഞടിച്ച് ബോറിസ് ജോണ്‍സണ്‍

 

റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ ജനതയ്ക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസിലാക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍ ആവര്‍ത്തിച്ചിട്ടുണ്ട്. റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ലണ്ടന്‍ വിപണിയ്ക്കുണ്ടെന്നതിനാല്‍ തന്നെ ബോറിസ് ജോണ്‍സന്റെ ഉപരോധ ഭീഷണി റഷ്യയ്ക്ക് നിസാരമായി തള്ളിക്കളയാനാകില്ല.

യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും റഷ്യയുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.

റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതല്‍ കാര്യക്ഷമമാക്കുകയായിരുന്നു മിസൈല്‍ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേര്‍ത്തു. ശത്രുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്താനാണ് സൈനികാഭ്യാസങ്ങള്‍ നടത്തുന്നതെന്നും റഷ്യ പറയുന്നു.

ബെലാറസിലെ റഷ്യന്‍ സൈനികതാവളത്തില്‍ വച്ചായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നെന്നും ടിയു95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. യുക്രെയിനെ അക്രമിക്കാന്‍ തങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന റഷ്യ എന്നാല്‍ യുക്രെയിന്‍ നാറ്റോയുടെ ഭാഗമാകില്ലെന്ന ഉറപ്പ് ലഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. യുക്രെയ്ന്‍ ഒരിക്കലും നാറ്റോയില്‍ ചേരരുതെന്ന ഉറപ്പും റഷ്യ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *