കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടില്‍ തീരുമാനമായില്ല; കോപ് 27 ഉച്ചകോടി നീട്ടി
ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 27 ഇന്ന് കൂടി തുടരും. കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടില്‍ അന്തിമ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നീട്ടാന്‍ തീരുമാനിച്ചത്. ഉച്ചകോടി ഇന്നലെ അവസാനിക്കേണ്ടതായിരുന്നു.
ദരിദ്ര, വികസ്വര രാജ്യങ്ങള്‍ക്കുള്ള കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടിന്റെ ഘടന സംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉച്ചകോടി നീട്ടിയത്. ആഗോള താപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ ലോകത്തിലെ നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടി നീട്ടാനുള്ള തീരുമാനം അസാധാരണമാണെന്ന് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രസ്താവിച്ചു. പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഡീകാര്‍ബണൈസേഷന്റെ പ്രാധാന്യം ബോധ്യപ്പെട്ട് ലോക രാജ്യങ്ങള്‍ ഭിന്നത ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഊര്‍ജ്ജ സുരക്ഷ, പുനരുപയോഗം, വിദ്യാഭ്യാസം എന്നി മേഖലകളില്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ സഹകരണം ശക്തമാക്കും. പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സുസ്ഥിര മൂല്യ ശൃംഖലയുടെ വികസനത്തിനും ഉത്തേജനം നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം