കാബൂളിലെ പള്ളിയിൽ വൻസ്‌ഫോടനം; 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂളിലെ പള്ളിയിൽ വൻസ്‌ഫോടനം . കാബൂളിലെ സർ ഇ കോട്ടൽ ഖൈർഖാനായിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ 21 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രാർത്ഥനയ്‌ക്കായി നിരവധി പേർ പള്ളിയിൽ ഒത്തു കൂടിയിരുന്നു. ഇതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. കാബൂൾ സെക്യൂരിറ്റി കമാൻഡ് വക്താവ് ഖാലെജ് സദ്രാൻ ആണ് സ്‌ഫോടന വിവരം പുറത്തുവിട്ടത്. സംഭവ സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ പുറപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദ് പൂർണമായും തകർന്നു. അടുത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.