‘പ്രതിഭകളെ പുറത്താക്കിയതില്‍ ഖേദിക്കുന്നു, കഴിവൊക്കെ വേറെ എവിടെയെങ്കിലും കൊണ്ടുപോയി ഉപയോഗിച്ചോ’; പരിഹാസവുമായി മസ്‌ക്
ട്വിറ്ററില്‍ നിന്നും ചില ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ട്വീറ്റിലൂടെ അവര്‍ക്കെതിരെ പരിഹാസവുമായി ഇലോണ്‍ മസ്‌ക്. വലിയ പ്രതിഭകളെയൊക്കെ ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടതില്‍ ഖേദിക്കുന്നുവെന്ന് പറഞ്ഞ മസ്‌ക് അവരുടെ കഴിവൊക്കെ വേറെയെവിടെയെങ്കിലും പ്രയോജനപ്പെടുമെന്നും പരിഹസിച്ചു. മസ്‌കിനെ വിമര്‍ശിച്ച ജീവനക്കാരെ ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായിട്ടായിരുന്നു മസ്‌കിന്റെ പരിഹാസം.
എറിക് ഫ്രോന്‍ഹോഫര്‍ എന്ന എഞ്ചിനീയറെ ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് മസ്‌കിന്റെ മറുപടി. ട്വിറ്ററില്‍ ഉപയോഗിക്കുന്നത് മോശം സോഫ്റ്റ്‌വെയറാണെന്നും പല രാജ്യങ്ങളിലും ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ തടസമുണ്ടാകാറുണ്ടെന്നും കാട്ടി കഴിഞ്ഞ ദിവസം മസ്‌ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ട്വീറ്റില്‍ മസ്‌ക് പറഞ്ഞതിലെ വസ്തുതാപരമായ ഒരു പിഴവ് എറിക് ഫ്രോന്‍ഹോഫര്‍ ചൂണ്ടിക്കാട്ടിയത് മസ്‌കിനെ ചൊടിപ്പിച്ചു. ഇതൊക്കെ പരിഹരിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് മസ്‌ക് ഫ്രോന്‍ഹോഫറോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ചര്‍ച്ച ചൂടുപിടിച്ചതോടെ എറിക് ഫ്രോന്‍ഹോഫറെ പിരിച്ചുവിട്ടു എന്ന് അറിയിച്ചുകൊണ്ട് മസ്‌ക് മറ്റൊരു ട്വീറ്റും പങ്കുവയ്ക്കുകയായിരുന്നു.
എറിക് ഫ്രോന്‍ഹോഫറെ പിരിച്ചുവിട്ടതില്‍ മസ്‌കിനെ വിമര്‍ശിച്ച് ട്വിറ്ററിലൂടെ നിരവധി പേരാണ് രംഗത്തെത്തുന്നത്. കൂട്ടപ്പിരിച്ചുവിടലിനെതിരെ മുന്‍പേ തന്നെ വിമര്‍ശനം നേരിടുന്ന മസ്‌കിനെതിരെ ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുകയാണ്. കഴിഞ്ഞ ദിവസം അയ്യായിരത്തോളം ജീവനക്കാരെയാണ് മസ്‌ക് പിരിച്ചുവിട്ടിരുന്നത്.