Friday, January 3, 2025
World

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്; ആശങ്ക

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി. കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെയാണ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുന്നത്. ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കുന്നതിനെ ആദ്യം എതിര്‍ത്ത ശ്രീലങ്ക പിന്നീട് ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.

ഡയ്‌ലി മിററാണ് യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്ത് പ്രവേശിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 11-ാം തിയതിയായിരുന്നു കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രീലങ്ക ആദ്യം അനുമതി നല്‍കിയിരുന്നില്ല. അമേരിക്കയും ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന് തുറഖമുഖത്ത് പ്രവേശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാന്‍ വാങ്5. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ആണ് ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്. കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. ചാരക്കപ്പല്‍ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവജാഗ്രതയ്ക്ക് നാവികസേന തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *