പാകിസ്താനിൽ പണം വാങ്ങി 12-കാരിയായ മകളെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനും നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം നടത്തിയത്. അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങിയാണ് പിതാവ് മകളെ നിർബന്ധിച്ച് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശൈശവ വിവാഹം നിരോധിക്കുന്ന നിയമങ്ങൾ നിലവിലുണ്ടെങ്കിലും പാക്കിസ്താൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടരുന്നുണ്ട്. അടുത്തിടെ രജൻപൂരിലും തട്ടയിലും സമാനമായ ശ്രമങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾ പരാജയപ്പെടുത്തിയിരുന്നു.