Monday, January 6, 2025
World

രണ്ടാം ലോകമഹായുദ്ധത്തില്‍ അവശേഷിച്ച കൂറ്റന്‍ ടാല്‍ബോയ് ബോംബ് പൊട്ടിത്തെറിച്ചു

വാര്‍സോ: പോളണ്ടില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.1945ല്‍ യുദ്ധകപ്പല്‍ തകര്‍ക്കാനായി വ്യോമസേന അയച്ച ടാല്‍ബോയ് എന്നറിയപ്പെടുന്ന ഭൂകമ്പ ബോംബാണ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉത്തര പൊളണ്ടിലെ ബാള്‍ട്ടിക് കടലില്‍ പൊട്ടിത്തെറിക്കാതെ കിടന്നിരുന്ന ബോംബ് കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ഈ ബോംബില്‍ 2.4 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നു. ബോബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. സാധാരണരീതിയിലുള്ള പൊട്ടിത്തെറിയിലൂടെ ബോംബ് നിര്‍വീര്യമാക്കിയാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്. ഇതിനാല്‍ പൊട്ടിത്തെറിക്ക് കാരണമാകാതെ സ്‌ഫോടനാത്മക വസ്തുക്കള്‍ കത്തിച്ചുകളുയുന്ന ഡിഫ്‌ലഗ്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. എന്നാല്‍ പ്രക്രിയയുടെ അവസാന ഘട്ടത്തില്‍ ബോംബ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

കടലിനുള്ളില്‍വച്ചാണ് ബോംബ് പൊട്ടിതെറിച്ചത്. ഇത് 500 മീറ്റര്‍ അകലെയുള്ള പാലം തകര്‍ക്കുമോയെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെട്ടിരുന്നു. പൊട്ടിത്തെറിയില്‍ ബോംബ് നിര്‍വീര്യമാക്കാന്‍ പങ്കെടുത്തവരില്‍ ആര്‍ക്കും തന്നെ അപകടം സംഭിച്ചിട്ടില്ലെന്നും സമീപ പ്രദേശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *