വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
യുഎസ് സംസ്ഥാനമായ വിർജീനിയയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി പൊലീസ് അറിയിച്ചു. ക്രിസ്റ്റഫർ ഡാർനെൽ ജോൺസ് എന്ന വിദ്യാർത്ഥിയാണ് സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രതിക്കായി വിവിധ ഏജൻസികൾ തെരച്ചിൽ ആരംഭിച്ചു.
അക്രമിയെ കണ്ടെത്തും വരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ തേടാനും സർവകലാശാല നിർദ്ദേശം നൽകി. സായുധനും അപകടകാരിയും എന്ന് കരുതപ്പെടുന്ന ഒരാളെ പൊലീസ് തിരയുന്നതിനാൽ ഷാർലറ്റ്‌സ്‌വില്ലിലെ വിർജീനിയ സർവകലാശാലയുടെ പ്രധാന കാമ്പസ് അടച്ചിരിക്കുകയാണെന്ന് യുവിഎ ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസിലിംഗും മാനസിക പിന്തുണയും ലഭ്യമാക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.