റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇന്ത്യാ സന്ദര്‍ശനം ഉടനെന്ന് റിപ്പോര്‍ട്ട്. നരേന്ദ്രമോദി- ഋഷി സുനക് കൂടിക്കാഴ്ചയില്‍ സന്ദര്‍ശന കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിവരം. ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ വച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനകിനെ മുഖ്യാതിഥിയാക്കാനാണ് ഇന്ത്യയുടെ ശ്രമം.
നാളെയും മറ്റന്നാളുമായാണ് ബാലിയില്‍ 17-ാമത് ജി-20 ഉച്ചകോടി നടക്കുന്നത്. ഋഷി സുനകിന് പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായും മോദി ചര്‍ച്ചകള്‍ നടത്തും. ഭക്ഷ്യ,ഊര്‍ജ സുരക്ഷയെക്കുറിച്ചുള്ള വര്‍ക്കിംഗ് സെഷനുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഇന്ത്യയുടെ ഫോറിന്‍ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചിട്ടുണ്ട്.
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ആ സ്ഥാനത്തേക്ക് ഋഷി സുനകെത്തുന്നത്. 193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ഋഷി സുനകിന് പ്രധാനമന്ത്രിയാകാന്‍ വഴി തെളിയുകയായിരുന്നു.