Saturday, October 19, 2024
World

പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആര്‍ട്ടിസ്റ്റും അറസ്റ്റില്‍

പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നഴ്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അമ്മയുടെ അനുമതിയോടെ അയല്‍വാസിയാണ് കയ്യില്‍ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതില്‍ നിന്ന് 18 വയസില്‍ താഴെയുള്ള കുട്ടികളെ വിലക്കുന്നതാണ് ന്യൂയോര്‍ക്കിലെ നിയമം. സംഭവത്തില്‍ കുട്ടിയുടെ അമ്മ ക്രിസ്റ്റല്‍ തോമസ്(33), ലൈസന്‍സില്ലാത്തതിന് ടാറ്റൂ ആര്‍ട്ടിസ്റ്റ് ഓസ്റ്റിന്‍ സ്മിത്ത് (20) എന്നിവര്‍ അറസ്റ്റിലായി.

കുട്ടിയുടെ കയ്യിലെ ടാറ്റൂ ചിത്രം സോഷ്യല്‍ മിഡിയയിലും വാര്‍ത്തകളിലും നിറഞ്ഞതോടെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ടാറ്റൂ ചെയ്യുന്ന പ്രായത്തില്‍ മിനിമം പ്രായം ബാധകമല്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ അത് വ്യാത്യാസപ്പെട്ടിരിക്കുന്നുവെന്ന് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ 18 വയസിന് താഴെയുള്ളവര്‍ ടാറ്റൂ അടിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. അതേസമയം യുഎസില്‍ ഒഹായോ, വെസ്റ്റ് വെര്‍ജിനിയ, വെര്‍മണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ ടാറ്റൂ ചെയ്യാം.

അതിനിടെ കുട്ടികള്‍ ടാറ്റൂ ചെയ്യുന്നത് അനുവദിക്കുന്ന നിയമം പുനപരിശോധിക്കണമെന്ന് ഡോ. കോറ ബ്രൂണര്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രീഷ്യനും പ്രൊഫസറുമാണ് ഡോ. കോറ ബ്രൂണര്‍. 18 വയസാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ശരീരത്തില്‍ ആജീവനാന്തമുള്ള അടയാളമാണ് ടാറ്റൂ എന്നും കോറ ബ്രൂണര്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ 2018ലും 10വയസിന് താഴെയുള്ള കുട്ടിക്ക് വീട്ടില്‍ വച്ച് ടാറ്റൂ ചെയ്ത്തിന് നിക്കി ജെ ഡിക്കിന്‍സണ്‍ എന്ന സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു.

Leave a Reply

Your email address will not be published.