Thursday, January 9, 2025
World

മൃഗശാലയില്‍ വെളളക്കടുവകള്‍ കോവിഡ്‌ ബാധിച്ച് മരിച്ചു

പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ രണ്ട് വെളളക്കടുവകള്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 30നാണ് കടുവകള്‍ ചത്തത്.

സാധാരണ പാകിസ്ഥാനിലെ മൃഗങ്ങളില്‍ കാണാറുളള അണുബാധയെന്നായിരുന്നു മൃഗശാല അധികൃതരുടെ നിഗമനം. പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്കാണ് മരണത്തിന് കാരണം കോവിഡാണോ എന്ന് സംശയം തോന്നിയത്. വെളളക്കടുവകളുടെ ശ്വാസകോശങ്ങളില്‍ വലിയ തോതില്‍ അണുബാധ ഉണ്ടായതായി കണ്ടെത്തി. ശ്വാസകോശത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ആര്‍.ടി- പി.സി.ആര്‍ പരിശോധനകള്‍ക്ക് അയച്ചു. പരിശോധനഫലം പൊസിറ്റീവായി.

കടുവകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗശാലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഇതില്‍ കടുവകളുടെ ശരീരം മറവുചെയ്ത ജീവനക്കാരന് ഉള്‍പ്പടെ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വെളളക്കടുവകള്‍ക്ക് കോവിഡ് വരാന്‍ കാരണം പാകിസ്ഥാനിലെ മൃഗശാലകളുടെ മോശം സാഹചര്യമാണെന്ന് മൃഗസ്നേഹികള്‍ ആരോപിച്ചു. ലാഹോര്‍ മൃഗശാലയെക്കുറിച്ച് മുമ്പും ധാരാളം പരാതികള്‍ വന്നിരുന്നെന്ന് മൃഗസ്നേഹികളുടെ കൂട്ടായ്മയായ ജസ്റ്റിസ് ഫോര്‍ കികി സ്ഥാപകന്‍ സുഫിഷാന്‍ അനുഷായ് പറഞ്ഞു. വംശനാശം നേരിടുന്ന വെളളക്കടുവകളെ സൂക്ഷ്മമായി പരിപാലിക്കേണ്ടവയാണ്. എന്നാല്‍ അത്രയധികം മോശം സാഹചര്യത്തിലാണ് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സിനോട് പറഞ്ഞു.

അതേസമയം മൃഗസ്നേഹികളുടെ ആരോപണങ്ങളെല്ലാം മൃഗശാല അധികൃതര്‍ തളളി. മോശം സാഹചര്യത്തില്‍ കഴിയേണ്ടി വന്ന ഹിമാലയന്‍ ബ്രൗണ്‍ കരടികളെ ജോര്‍ദ്ദാനിലേക്കും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കാവന്‍ എന്ന ശ്രീലങ്കന്‍ ആനയെ കംബോഡിയയിലേക്കും വിമാനമാര്‍ഗം മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *