ശ്രീലങ്കയിൽ കലാപം; റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റ്
അടിയന്തിരാവസ്ഥ നിലനിൽക്കുന്ന ശ്രീലങ്കയിൽ കലാപം. തെരുവിൽ വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. അതേസമയം, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. വിക്രമസിംഗെയ്ക്ക് അധികാരം കൈമാറിയതായി സ്പീക്കർ അറിയിച്ചു. രാജ്യം വിട്ട പ്രസിഡൻ്റ് ഗോതബയ രജപക്‌സെ ഇന്ന് തന്നെ രാജി കൈമാറുമെന്നാണ് സൂചന. ശ്രീലങ്കയിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പ്രക്ഷേപണം നിർത്തി.
ഇതിനിടെ പ്രസിഡൻ്റ് ഗോതബയ രജപക്സെയെ രാജ്യം വിടാൻ സഹായിച്ചത് ഇന്ത്യയാണെന്ന് ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗോതബയ രജപക്സെയെ ഇന്ത്യ സഹായിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.
രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയിൽ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. രാജി നൽകും മുൻപേയാണ് രജപക്‌സെയുടെ നാടുവിടൽ. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കയ്യടക്കിവച്ചിരിക്കുകയാണ്.
ഭക്ഷ്യക്ഷാമത്തിൽ വലയുകയാണ് ജനങ്ങളെന്ന് കൊളംബോയിലെത്തിയ ട്വന്റിഫോർ സംഘം റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിൽ ഇന്ധനക്ഷാമവും രൂക്ഷമാണ്. പാചകവാതക വിതരണം പൊലീസ് ഏറ്റെടുത്തു. പ്രതിഷേധക്കാർ ഇന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്.