യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍
യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ ശാരീരിക അസ്വസ്ഥതയുണ്ടായതിനെക്കുറിച്ചായിരിക്കും വിശദമായ അന്വേഷണം നടത്തുന്നത്.
വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണോ ഇവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നതെന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അന്വേഷണം നടത്തുമെന്നാണ് സിഡിസി സ്ഥിരീകരിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്ത് 12 വയസും അതിന് മുകളിലുള്ളവരുമെല്ലാം വാക്‌സിന്‍ എടുക്കണമെന്നും സിഡിസി നിര്‍ദേശിക്കുന്നു.
മേയ് 31 വരെയുളള കണക്കുകള്‍ പ്രകാരം 16 വയസിനും 24 വയസിനും ഇടയിലുളളവരും വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരുമായ 275 പേര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടായെന്നാണ് സിഡിസിയിലെ ഡോ. ടോം ഷിമാബുകുറോ വെളിപ്പെടുത്തിയിരികിക്കുന്നത്. വ്യാഴാഴ്ച ഗവണ്‍മെന്റ് വാക്‌സിന്‍ മീറ്റിംഗില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ഡോസായി 12 മില്യണ്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയവരില്‍ വെറും 275 പേര്‍ക്ക് മാത്രമാണിത്തരം ബുദ്ധിമുട്ടുണ്ടായിരിക്കുന്നതെന്നിതിനാല്‍ വാക്‌സിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.