പ്രതിഷേധം: കാനഡയിൽ കാർ ഫാക്ടറികൾ പൂട്ടി
ഒട്ടാവ: നിർബന്ധിത വാക്സിനേഷനും കോവിഡ് നിയന്ത്രണങ്ങൾക്കും എതിരേ കാനഡയിലെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധം വലിയ സാമ്പത്തിനഷ്ടത്തിനു കാരണമാകുന്നു. തലസ്ഥാനമായ ഒട്ടാവയിലും യുഎസ്-കാനഡ അതിർത്തി റോഡുകളിലുമാണ് പ്രതിഷേധം.
ഫോർഡ്, ടൊയോട്ട, ക്രൈസ്ലർ കാർ കമ്പനി ഫാക്ടറികളിലെ പ്രവർത്തനം അവതാളത്തിലായി. ഒന്റാരിയോയിലെ മൂന്നു ഫാക്ടറികളിൽ ഉത്പാദനം നിർത്തിയതായി ടൊയോട്ട പറഞ്ഞു. ഫോർഡിന്റെ എൻജിൻ ഫാക്ടറിയിലും പ്രവർത്തനം നിലച്ചു. പാർട്സുകളുടെ അഭാവം നേരിടുന്നതായി ക്രൈസ്ലർ പറഞ്ഞു.
യുഎസ്- കാനഡ അതിർത്തി റോഡുകൾ ഉപരോധിക്കപ്പെട്ടതുമൂലം പ്രതിദിനം 30 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നതായി അനുമാനിക്കപ്പെടുന്നു. അനധികൃത സാമ്പത്തിക ഉപരോധമാണ് നേരിടുന്നതെന്ന് കനേഡിയൻ ഗതാഗത വകുപ്പ് മന്ത്രി ഒമർ അൽഗാബ്ര പ്രതികരിച്ചു. കാർ വ്യവസായത്തെയും അമേരിക്കയുടെ കാർഷികോത്പന്ന കയറ്റുമതിയെയും പ്രതിഷേധം ബാധിക്കുന്നതായി വൈറ്റ്ഹൗസ് ചൂണ്ടിക്കാട്ടി.
ലോറി ഡ്രൈവർമാർ വാക്സിനെടുത്താലേ കാനഡയിൽ പ്രവേശിപ്പിക്കൂ എന്ന തീരുമാനമാണ് കഴിഞ്ഞമാസം അവസാനം തുടങ്ങിയ പ്രതിഷേധത്തിനു കാരണം.